Political Islam ന്റെ രാക്ഷസീയവളർച്ചയും ഹിന്ദുഐക്യവും
കേരളത്തിൽ സർവമേഖലകളേയും കൈപ്പിടിയിൽ ഒതുക്കാൻ ഗൂഢാലോചന നടത്തുന്ന പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ രാക്ഷസീയവളർച്ചയ്ക്ക് കാരണം ഹിന്ദുസമൂഹത്തിന്റെ അനൈക്യവും തമ്മിലടിയും ആണ് എന്ന പ്രചാരണം ചില കോണുകളിൽ നിന്നും ഉയർത്തിക്കൊണ്ടുവരാനുള്ള ബോധപൂർവമായ ശ്രമം കുറച്ചുനാളുകൾ ആയി നടന്നുകൊണ്ടിരിക്കുന്നുണ്ട്. വിവിധ കേന്ദ്രങ്ങളിൽ നിന്നും
ഹിന്ദുസമൂഹത്തിനു നേരെയുണ്ടാകുന്ന കൈയേറ്റത്തിനും നീതിനിഷേധത്തിനും കാരണമായി ഹിന്ദുസമൂഹത്തിന്റെ അനൈക്യം സാങ്കേതികമായി മാത്രം ചെറിയോരളവിൽ കാരണമാകുന്നുണ്ട് എങ്കിലും പൊളിറ്റിക്കൽ ഇസ്ളാമിന്റെ രാക്ഷസീയമായ പിടിമുറുക്കലിന് അങ്ങനെ ഒരു കാരണം പറയുന്നത് മറ്റു ചിലത് ഒളിച്ചുവെക്കാനുള്ള ചില കേന്ദ്രങ്ങളുടെ കൗശലമാണ്.
പൊളിറ്റിക്കൽ ഇസ്ളാം ഇവിടെ പിടി മുറുക്കിയത് മുൻകുറിപ്പുകളിൽ സൂചിപ്പിച്ചതുപോലെ രാജ്യദ്രോഹപരമായ കള്ളക്കടത്ത് തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങളിലൂടെ ഉണ്ടാക്കിയ സമ്പത്തിന്റെ വിനിയോഗത്തിലൂടെയാണ്. ഇതിനെതിരെ നടപടിയെടുക്കേണ്ട സർക്കാരുകൾ ഇന്നും ഈ രാജ്യദ്രോഹങ്ങൾക്ക് ഒത്താശ ചെയ്യുകയാണ്. കാലാകാലങ്ങളായി മാറിവന്ന സർക്കാരുകൾ മാത്രമല്ല രാഷ്ട്രീയ പാർട്ടികൾ, നേതാക്കൾ ഇവരെല്ലാം മുടക്കുമുതൽ ഇല്ലാത്ത ബിസിനസ് പങ്കാളിത്തം തൊട്ടു മാസപ്പടി വരെ കൈപ്പറ്റി ഈ ക്രിമിനൽ പ്രവർത്തനങ്ങളോട് സമരസപ്പെടുകയും ഒരു പടി കൂടി കടന്ന് കുറ്റവാളികളെ ന്യായീകരിക്കുകയും രക്ഷപ്പെടുത്തുകയും കേസുകൾ തന്നെ തേച്ചുമായ്ച്ചു കളയുകയും ചെയ്യുന്നതിൽ തങ്ങളുടെ 'രാഷ്ട്രീയ പ്രതിബദ്ധത' മുറുകെ പിടിക്കുകയും ചെയ്തത് മാത്രമാണ് പൊളിറ്റിക്കൽ ഇസ്ലാമിന് 'നേട്ടം' സാധ്യമാക്കിയത്. പൊളിറ്റിക്കൽ ഇസ്ളാമിന്റെ രാഷ്ട്രദ്രോഹത്തിനും കാപട്യങ്ങൾക്കും ചൂട്ടുപിടിച്ച കള്ളന്മാരാണ് തങ്ങളുടെ തട്ടിപ്പുകൾ തിരിച്ചറിയാതിരിക്കാൻ ഇതിന്റെ പാപഭാരവും ഹിന്ദുസമൂഹത്തിന്റെ അനൈക്യത്തിൽ ചാരി വയ്ക്കുന്നത്. ഹിന്ദു സമൂഹത്തിന്റെ ഈ അഭ്യുദയകാംക്ഷികൾ ഹൈന്ദവവേദിയിൽ ഹിന്ദുസമൂഹത്തിനു വേണ്ടി കണ്ണീരൊഴുക്കുകയും രാഷ്ട്രസ്നേഹികളുടെ വേദികളിൽ അവർക്ക് വേണ്ടിയാണ് - രാഷ്ട്രത്തിന് വേണ്ടിയാണ് ജീവിതം 'ഉഴിഞ്ഞു മാറ്റിയത്' എന്ന് ആണയിടുകയും ചെയ്തുപോരാൻ പിശുക്ക് കാണിക്കാറില്ല. എന്നാൽ അധികാരം ഇല്ലാത്തപ്പോഴും കൈവന്നപ്പോഴും പ്രതിഫലം പറ്റിക്കൊണ്ടു തന്നെ നിർലോഭമായ സഹായം പൊളിറ്റിക്കൽ ഇസ്ലാമിന്റെ രാഷ്ട്രവിരുദ്ധതയ്ക്കു നല്കിപ്പോരുന്നുമുണ്ട്. തൊട്ടതിനും പിടിച്ചതിനും എല്ലാം 'ഹിന്ദുസമൂഹം ഇനിയും പഠിച്ചിട്ടില്ല' എന്നിങ്ങനെയുള്ള പ്രയോഗങ്ങളിലൂടെ ചുമലൊഴിയലുകൾ നടത്തുന്നവരിൽ പലരും 'മടിയിൽ കനമുള്ളവരും' കാപട്യത്തിന്റെ മൊത്തക്കച്ചവടക്കാരുമാണ്.
പൊളിറ്റിക്കൽ ഇസ്ലാമിന്റെ വളർച്ചയ്ക്ക് കാരണം ഹിന്ദു സമൂഹത്തിന്റെ അനൈക്യമല്ല എങ്കിലും പൊളിറ്റിക്കൽ ഇസ്ലാം അതിന്റെ അജണ്ടാപൂർത്തീകരണത്തിന്റെ ഭാഗമായി ഹിന്ദുസമൂഹത്തിൽ അനൈക്യത്തിന്റെ വിത്തുകൾ പാകാനും അന്തഃഛിദ്രമുണ്ടാക്കുവാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ഹിന്ദുസമൂഹത്തിലെ സമുദായികവൈവിധ്യത്തെ ഐക്യപ്പെടാത്ത ഭിന്നതയായും സംഘർഷാത്മകമായും ആദ്യമായി അവതരിപ്പിച്ചത് ക്രിസ്ത്യൻ മിഷണറിമാരാണ്. തങ്ങളുടെ ഈ അവതരണത്തോടെ ഹിന്ദുസമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള നേടുകെയും കുറുകെയുമുള്ള അകലം കൂട്ടുവാൻ തങ്ങളാൽ ആവും വിധമെല്ലാം ഇവർ പരിശ്രമിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കനപ്പെട്ട സംഭാവന നൽകിയത് കമ്യൂണിസ്റ്റുകൾ ആണ്. അവരും അന്തഃഛിദ്രമുണ്ടാക്കാൻ പറ്റുന്ന പണികൾ എല്ലാം നടത്തിപ്പോന്നിട്ടുണ്ട്. ഇതേ ദൗത്യത്തിൽ ഇപ്പോൾ ആവേശത്തോടെ ഉത്സാഹിക്കുന്ന ശക്തി പൊളിറ്റിക്കൽ ഇസ്ലാമിന്റേതാണ്.
ഇക്കൂട്ടരെല്ലാം നിഴൽ സംഘടനകൾ ഉണ്ടാക്കിയും ചിലരെ വിലക്കെടുത്തും ചില സാമുദായിക നേതാക്കളെ 'സൃഷ്ടിച്ചും' തങ്ങളുടെ പ്രവർത്തനം തുടർന്നു കൊണ്ടേ ഇരിക്കുന്നു. ഈ 3 ശക്തികൾക്കും തങ്ങളുടെ ആത്യന്തിക ലക്ഷ്യപ്രാപ്തിയ്ക്ക്, ഹിന്ദുസമൂഹം തകർന്നടിയേണ്ടത് ആവശ്യമാണ്.
ഇക്കൂട്ടത്തിൽ പൊളിറ്റിക്കൽ ഇസ്ലാം സമീപകാലത്തായി നടത്തിയ നീക്കങ്ങൾ പലതും ശ്രദ്ധേയമാണ്. ഏതാനും വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ ചില ദളിത് നേതാക്കളുടെ എക്കൗണ്ടിലേക്ക് പണം എത്തിയ സംഭവം മുതൽ ഇങ്ങോട്ട് പരിശോധിച്ചാൽ നൂറുകണക്കിന് സംഭവങ്ങൾ പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ കുൽസിതനീക്കങ്ങളെ വെളിവാക്കുന്നവയായിട്ടുണ്ട്. മുസ്ലിം - പിന്നാക്ക ഐക്യം തുടങ്ങി പല വേദികൾ ഉണ്ടാക്കിയെടുക്കാനും പല തരം 'സമരങ്ങൾ' ഉണ്ടാക്കിയെടുക്കുവാനും ഇവർ ശ്രമിച്ചിട്ടുണ്ട്.
ഇതിലൂടെയെല്ലാം ഇവർ ലക്ഷ്യമിട്ടതും ലക്ഷ്യമിടുന്നതും ഹിന്ദുസമൂഹത്തെ വിഭജിച്ചു തമ്മിലടിപ്പിക്കുക എന്നത് തന്നെ ആണ്.
ഹിന്ദുസമൂഹത്തെ ജാതീയമായി തമ്മിലടിപ്പിക്കുന്ന പോസ്റ്റുകളുടെ ഉടമകളായ സോഷ്യൽമീഡിയ പ്രൊഫൈലുകൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. ഒന്നുകിൽ അവർ ജിഹാദികൾ ആയിരിക്കും അല്ലെങ്കിൽ ക്രിസ്തീയമതപരിവർത്തന വാദിയായിരിക്കും. അതുമല്ലെങ്കിൽ അതിനു പിന്നിൽ കമ്യൂണിസ്റ്റ് കാപട്യം ഉണ്ടായിരിക്കും.
ഈ 3 കൂട്ടർക്ക് വേണ്ടി കൂലിപ്പണി എടുക്കുന്ന 'ജാതിവാദികളും' ഇല്ലാതില്ല.
കേരളത്തിലെ സാമുദായിക സംഘടനകളോടും നേതാക്കളോടും സ്നേഹവും ബഹുമാനവും അടുത്ത ഹൃദയബന്ധവും പുലർത്തുന്ന ഒരാളാണ് ഞാൻ. ബഹുഭൂരിപക്ഷം വരുന്ന നേതാക്കളും പൊളിറ്റിക്കൽ ഇസ്ലാമിന്റെ വെല്ലുവിളികളേയും പ്രലോഭനങ്ങളേയും വക വെക്കാതെ സത്യസന്ധമായി മുന്നോട്ടു പോകുന്നവരാണ്. എന്നാൽ ചുരുക്കം ചില സമുദായ നേതാക്കളെ കൗശലപൂർവം കെണിയിൽ പെടുത്താൻ പൊളിറ്റിക്കൽ ഇസ്‌ലാമിന് കഴിഞ്ഞിട്ടുണ്ട് എന്ന വസ്തുത കാണാതിരിക്കുന്നത് സത്യത്തിനു നേരെ കണ്ണടക്കൽ ആയിപ്പോകും. ഹൈന്ദവ സമൂഹത്തിനിടയിൽ അന്തഃഛിദ്രമുണ്ടാക്കാനായി പൊളിറ്റിക്കൽ ഇസ്ലാം എത്ര മാത്രം വിയർപ്പൊഴുക്കുന്നു എന്ന് തിരിച്ചറിയാൻ, കഴിഞ്ഞ 2 വർഷക്കാലത്തിനിടയിൽ മാത്രം ഗൾഫ് നാടുകൾ സന്ദർശിച്ചു 'നിശ്ചിത പരിപാടികളിൽ' പങ്കെടുത്ത ചില സാമുദായിക നേതാക്കളുടെ യാത്രാവിവരങ്ങളും ബന്ധങ്ങളും മാത്രം പരിശോധിച്ചാൽ മതി. ഗൾഫിൽ ബന്ധുക്കളോ സംഘടനാബലമോ പോലും ഇല്ലാത്തവർ ഇക്കൂട്ടത്തിൽ ഉണ്ട് എന്ന് പറയാതിരിക്കാൻ വയ്യ.
നേരത്തെ സൂചിപ്പിച്ചതുപോലെ സോഷ്യൽ മീഡിയ വഴിയുള്ള കുപ്രചരണവും കൃത്രിമ ആശയ സംഘർഷവും വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഉദാഹരണമായി ഏതെങ്കിലും മുന്നാക്കജാതിവാൽ പിടിപ്പിച്ച ഒരു പ്രൊഫൈലിൽ നിന്നും പിന്നാക്കക്കാരനെയും ദളിതനെയും ആക്ഷേപിക്കുന്ന പോസ്റ്റ് ഇടുന്നു. അതു പോലെ ദളിത് ഐഡന്റിറ്റി വ്യക്തമാക്കുന്ന പ്രൊഫൈലുകളിൽ നിന്നും മറുപടി എന്നോണം മുന്നാക്കക്കാരനെ അധിക്ഷേപിക്കുന്നു. അടുത്തഘട്ടത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പുലഭ്യം പറച്ചിൽ. ഏറ്റു പിടിക്കാനും ചുരുക്കം ചിലരെത്തുമ്പോൾ സംഗതി ഗംഭീരമായി. ഈ ഒരു രീതി കാണാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. സ്വന്തം മുഖം കാണിക്കാതെ മറ്റുള്ളവരെ തമ്മിലടിപ്പിക്കുവാൻ മുഖംമ്മൂടിയിട്ടു സ്വയം "കലഹിക്കുന്ന" ഈ പ്രൊഫൈലുകൾക്കു പിന്നിൽ മിക്കതിലും മറഞ്ഞിരിക്കുന്നത് പൊളിറ്റിക്കൽ ഇസ്ലാമിന്റെ അജണ്ട വിഷമായി പേറുന്ന ജിഹാദിക്കുഞ്ഞുങ്ങൾ ആണെന്ന് എല്ലാവർക്കുമറിയാം. എങ്കിലും പലരും ഇതിനെയും പിൻപറ്റുന്നുണ്ട് എന്ന വസ്തുത കാണാതിരുന്നുകൂടാ. ഇങ്ങനെ ഒരാളെ എങ്കിലും തെറ്റിദ്ധരിപ്പിക്കുവാൻ കഴിഞ്ഞാൽ അത് വിജയമായി കാണുന്നത് തന്നെ ആണ് പൊളിറ്റിക്കൽ ഇസ്ലാമിന്റെ ശൈലി.
- ഡോ : ഭാർഗവ റാം
Comments (0)